സമകാലികം – ലേഖനങ്ങളുടെ ശേഖരം

March 20, 2006

പവിത്രന്റെ തമാശകള്‍

Filed under: മനോരമ — samakalikam @ 12:01 pm

പവിത്രന്റെ തമാശകള്‍
(സമ്പാദനം: ഉണ്ണി കെ. വാരിയര്‍)

പവിത്രന്റെ മരണം തൃശൂരിലെ എത്രയോ സുഹൃത്തുക്കള്‍ക്ക്‌ നഷ്ടപ്പെടുത്തിയത്‌ ചിരിയുടെ അതിരുകളില്ലാത്ത ലോകമാണ്‌. കാര്‍ട്ടൂണിസ്റ്റ്‌ അരവിന്ദനെപ്പോലെയായിരുന്നു പവിത്രനും. ചെറിയ വാക്കുകളില്‍ പരിഹാസവും വിമര്‍ശനവുമെല്ലാമൊതുക്കിയ തമാശകള്‍. ഏറുപടക്കംപോലെ അത്‌ എത്രയോ സദസ്സുകളില്‍ വീണ്‌ പൊട്ടി. പവിത്രന്റെ ഈ മുഖം അടുത്തുനിന്നവര്‍ മാത്രമാണ്‌ കണ്ടത്‌. പവിത്രന്റെ തമാശകളിലൂടെയൊരു സൌഹൃദയാത്രയാണിത്‌. ചിലപ്പോള്‍ പവിത്രന്‍ പറഞ്ഞത്‌ പറഞ്ഞു പറഞ്ഞ്‌ വലുതായകാതാം. പക്ഷേ ആദ്യ വിത്ത്‌ പവിത്രന്റെതുതന്നെയാകും. പവിത്രന്റെ തമാശകള്‍ സ്വന്തം ജീവിതമാര്‍ഗ്ഗമായ കാരിക്കേച്ചറിന്‌ വേണ്ടി പലപ്പോഴും ഉപയോഗിച്ച ജയരാജ്‌ വരിയരാണ്‌ വെടിക്കെട്ടു തീര്‍ന്ന പൂരപ്പറമ്പില്‍നിന്ന്‌ ഈ ഏറുപടക്കങ്ങള്‍ പെറുക്കാന്‍ സഹായിച്ചത്‌..

  • പവിത്രന്റെ ഉപ്പ്‌ എന്ന സിനിമയ്ക്ക്‌ പേരിടാനായി ചര്‍ച്ച നടക്കുകയാണ്‌. ബുദ്ധിജീവികളായ പലരും സ്ഥലത്തുണ്ട്‌. മുസ്‌ലീം പശ്ചാത്തലത്തിലുള്ള കഥയാണെങ്കിലും എല്ലാ വിഭാഗവും തിയറ്ററിലെത്തുന്നതിനു പറ്റിയ പേരാകണമെന്നാണ്‌ നിര്‍ബന്ധം. ചര്‍ച്ച തുടരുന്നതിനിടയില്‍ പവിത്രന്‍ എഴുന്നേറ്റ്‌ പറഞ്ഞു, ഞാനൊരു പേരു പറയാം. മുസ്‌ലീംവിഭവമാണെന്ന്‌ തോന്നുമെങ്കിലും എല്ലാവര്‍ക്കും ഇഷ്ടപ്പെടും. ‘ബിരിയാണി.’
  • മോഹന്‍ലാലും മമ്മൂട്ടിയും നായകനായ ഹരികൃഷ്ണന്‍സ്‌ എന്ന സിനിമയുടെ ക്ലൈമാക്സ്‌ പല തരത്തിലാണ്‌ ചിത്രീകരിച്ചത്‌. മോഹന്‍ലാലിന്‌ കൂടുതല്‍ ആരാധകരുള്ള പ്രദേശത്തെ തിയറ്ററുകളില്‍ നായിക ജൂഹിചൌളയെ മോഹന്‍ലാല്‍ കല്യാണം കഴിക്കുമ്പോള്‍ മമ്മൂട്ടിയുടെ സ്വാധീനമേഖലകളില്‍ വരന്‍ മമ്മൂട്ടിയാണ്‌. ഇതെക്കുറിച്ച്‌ ചര്‍ച്ച ചെയ്യുന്ന സദസ്സില്‍ പവിത്രന്‍ പറഞ്ഞു, ‘എടാ, കണ്ണൂര്‌ പിണറായി വിജയനാത്രെ ജൂഹിചൌളയെ കെട്ടുന്നത്‌. അവിടെ അയാളല്ലടാ സൂപ്പര്‍സ്റ്റാര്‍.”
  • പവിത്രന്റെ ആത്മസുഹൃത്തായിരുന്നു അന്തരിച്ച സംവിധായകന്‍ ഭരതന്‍. തന്റെ സിനിമ റീലീസ്‌ ചെയ്‌ത ദിവസം ഭരതന്‍ പവിത്രനെ വിളിച്ചു. നീയെന്റെ സിനിമ കണ്ടോടാ.’കണ്ടു ഭരതാ’എന്താ അഭിപ്രായം.’രണ്ടഭിപ്രായമുണ്ട്‌. ഒന്ന്‌ മോശമാണ്‌ എന്ന്‌.’രണ്ടാമത്തെയോ’. ഭരതന്‌ പ്രതീക്ഷ.മോശമല്ലേ……………………എന്ന്‌.’
  • ഭരതന്‌ പവിത്രന്റെ ഉപദേശം: ഭരതാ, കള്ളുകുടിക്കുന്നതൊക്കെ കൊള്ളാം. നമ്മള്‌ ഇത്രകാലംകൊണ്ട്‌ ഉണ്ടാക്കിയ ചീത്തപ്പേര്‌ കളയാതെ നോക്കണം.
  • എം.ജി.ആറിന്‌ മികച്ച നടനുള്ള അവാര്‍ഡ്‌ കിട്ടിയപ്പോള്‍ പവിത്രന്‍ പറഞ്ഞു, ?അവാര്‍ഡ്‌ കൊടുക്കേണ്ടത്‌ എം.എന്‍.നമ്പ്യാര്‍‍ക്കാണ്‌. നായികയെ രക്ഷിക്കാന്‍ ഒരു താടിയും ഒട്ടിച്ച്‌ വേഷം മാറി എന്ന പേരില്‍ എം.ജി.ആര്‍. വരുമ്പോള്‍ എല്ലാവര്‍ക്കും ഒറ്റനോട്ടത്തിലറിയാം അത്‌ എം.ജി.ആര്‍.ആണെന്ന്‌. പക്ഷെ എം.എന്‍.നമ്പ്യാര്‍ മാത്രം തിരിച്ചറിയാത്തതുപോലെ അഭിനയിച്ചുകൊണ്ടിരുന്നില്ലെ. അതിലും വലിയ ഭാവാഭിനയമുണ്ടോ. പക്ഷേ അവാര്‍ഡ്‌ എം.ജി.ആറിനും.
  • വീട്ടിലെ ഫോണിന്റെ എസ്‌.ടി.ഡി. കട്ട്‌ ചെയ്‌തപ്പോള്‍ പവിത്രന്‍ പറഞ്ഞു, ‘എന്റെ ഫോണിനെ വന്ധ്യംകരിച്ചു.’
  • പവിത്രവചനം: ‘എന്തെങ്കിലും അവസരം കിട്ടിയാല്‍ അത്‌ പാഴാക്കണം. കിട്ടിയ അവസരമല്ലെ പാഴാക്കാന്‍ പറ്റൂ.’
  • ചെമ്മീന്‍ എന്ന സിനിമയുടെ രണ്ടാംഭാഗം എടുക്കുന്നുവെന്നു കേട്ട്‌ പവിത്രന്‍ ആ സെറ്റിലെത്തി. പവിത്രനെക്കുറിച്ച്‌ കേട്ടിരുന്ന എല്ലാവര്‍ക്കും അമ്പരപ്പ്‌. ഇയാള്‍ക്ക്‌ ഇവിടെ എന്തു കാര്യം. “ഭാഗം വയ്ക്കുന്നുണ്ടെന്ന്‌ കേട്ടു. മൂന്നാം ഭാഗം കിട്ടുമോ എന്നറിയാന്‍ വന്നതാണ്‌.’
  • ‘ചക്രവര്‍ത്തിനി നിനക്കുഞ്ഞാനെന്റെ ശില്‍പ്പഗോപുരം തുറന്നു, പുഷ്പപാദുകം പുറത്തുവയ്ക്കുനീ നഗ്നപാദയായ്‌ അകത്തുവരൂ.’എന്ന പ്രശസ്‌തഗാനത്തെക്കുറിച്ച്‌ പവിത്രനോട്‌ ഗാനനിരൂപകന്‍ അഭിപ്രായം ചോദിച്ചു. ചോദ്യം തീരെ പിടിക്കാത്ത പവിത്രന്റെ മറുപടി. ‘?ചെരുപ്പുകടയുടെ ഉദ്ഘാടനത്തിനു പറ്റിയ പാട്ടാണ്‌.’
  • സ്വന്തം കുടുംബത്തെക്കുറിച്ചുപോലും പവിത്രന്‌ തമാശപറയാനാകുമായിരുന്നു. ഭാര്യ കലാമണ്ഡലം ക്ഷേമാവതിയെക്കുറിച്ച്‌ പവിത്രന്‍ പറഞ്ഞു, ‘ശരിക്ക്‌ അവരുടെ പേര്‌ ‘ക്ഷമാവതി’ എന്നാണ്‌.
  • മകള്‍ ഈവാ പവിത്രന്‍ മിസ്‌ തൃശൂരായപ്പോള്‍ പറഞ്ഞു, ‘രക്ഷപ്പെട്ടു. ഇനി അവളുടെ അച്ഛനായി അറിയപ്പെട്ടാല്‍ മതിയല്ലോ.’
  • പുതിയൊരു സിനിമയെക്കുറിച്ച്‌ ആലോചന നടക്കുകയാണ്‌. വി.കെ.ശ്രീരാമന്‌ എന്തെങ്കിലും വേഷം കൊടുക്കേണ്ടെ എന്നു ചിലര്‍. ‘അവനൊരു ഹാജിയാരുടെ വേഷം കെട്ടി അതിലെയും ഇതിലെയുമൊക്കെ നടക്കട്ടെ.’
  • പവിത്രന്‍.. വെള്ളമടിച്ച്‌ ചാലില്‍ കിടക്കുന്നവരെക്കുറിച്ച്‌ പവിത്രന്‍ വിശേഷിപ്പിക്കും, ‘അവന്റെ കിടപ്പ്‌ ഡിസ്കവറി ചാനലിലല്ലെ “.
  • ഭരതന്റെ “വൈശാലി“ എന്ന സിനിമയില്‍ വിഭാണ്ഡക മുനിയുടെ ആശ്രമം കണ്ട്‌ പറഞ്ഞു, “കൊള്ളാം, കുടിയേറി പത്തുസെന്റ്‌ പതിച്ചെടുത്ത ആദ്യത്തെ മുനി“
  • കെ.കരുണാകരനെക്കുറിച്ചുള്ള ഹ്രസ്വചിത്രം ചിത്രീകരിക്കുകയാണ്‌. കൊച്ചുമോന്‍ കരുണിന്റെ കയ്യുംപിടിച്ച്‌ കരുണാകരന്‍ നടക്കുന്ന സീനാണ്‌. പവിത്രന്‍ പറഞ്ഞുകൊടുത്തു, “കട്ട്‌ പറയുന്നതുവരെ നേരെ നടന്നാല്‍മതി. ഇടയ്ക്ക്‌ കൊച്ചുമോനോട്‌ തമാശ പറയണം.“ ക്യാമറയ്ക്ക്‌ പുറകില്‍വന്ന്‌ ചിത്രീകരിക്കുന്നതിനിടയില്‍ പവിയുടെ ആത്മഗതം. “ഇയാള്‌ അഭിനയിച്ച്‌ മമ്മൂട്ടിയുടെ പണികളയുമോ“
TrackBack URI

Create a free website or blog at WordPress.com.